2010, ജൂൺ 11, വെള്ളിയാഴ്‌ച

അടുക്കളക്കുറിപ്പുകള്‍

മുറിവുണക്കുന്നതാരാണ്

മുറിവുണ്ടാക്കുന്നതാരാണ്

ഈറ്റുപായയില്‍ തെറിച്ച

ചോരത്തുള്ളികളോട്

അമ്മ ചോദിച്ചിട്ടുണ്ടാവുമോ


ചോദ്യമല്ല

തലയറ്റ നീളന്‍ കഴുത്താണ് ജീവിതം

പിതൃഭോഗത്തിന്‍

ഉദകക്രിയ ചെയ്യുമ്പോള്‍

മുത്തശ്ശി പഠിപ്പിച്ച പാഠം


അടുക്കള

സ്വപ്ന പീഡകളുടെ വര്‍ത്തമാനം

ഉഷ്ണപ്പുണ്ണിന്‍ ഒരെരിവു പലക

ഉടപ്പിറന്നവള്‍ക്ക് ഒരേയൊരു മുറി

കാത്തിരിക്കാനും തൂങ്ങി നില്‍ക്കാനും


കിഴക്കേ വാതില്‍

തുറന്നു തന്നെ കിടപ്പുണ്ട്

ഒരിറ്റുവറ്റിന്‍

മരണവാറണ്ട്


ഉപ്പു നിലത്തില്‍ ഒന്നും മുളയ്ക്കാറില്ലല്ലോ

ചാവു ഭൂമിയില്‍ പാലഭിഷേകമില്ലല്ലോ

ഇതാ നിനക്ക്

ഒരു കൂട്ട വിരുന്നപ്പം

എന്റെ വറുത്തിട്ട മുറിവുകള്‍.

3 അഭിപ്രായങ്ങൾ:

ജസ്റ്റിന്‍ പറഞ്ഞു...

ഒരു വല്ലാത്ത കവിത.

പുനര്‍വായന ആവശ്യം തന്നെ.

.. പറഞ്ഞു...

..
ഇതാരും കണ്ടില്ലെന്ന് തോന്നുന്നു.

നല്ല കവിത,
വരികളില്‍ നല്ല ഭാഷ, അത് ശക്തവും.

ജസ്റ്റിന്‍ പറഞ്ഞ പോലെ പുനര്‍വായന ഒന്നില്‍ ഒതുക്കരുത്,

കവിക്ക് ആശംസകള്‍, തുടരുക..
..

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

മൂര്‍ച്ചയുള്ള ആശയങ്ങള്‍ പെയ്യുന്നൊരിടം.
വാക്കുകളുടെ വക്കു തട്ടി മുറിയുന്നുണ്ട്.