2010, ജൂലൈ 10, ശനിയാഴ്‌ച

സ്നേഹ പ്രാകൃതന്‍

(ഡോ:ടി.പി.സുകുമാരന്)

എങ്ങും പരക്കുന്നു നിന്‍ ചിരി
നിലാവു പോല്‍ മുറിയാത്ത മൃദുഭാഷണം
മിഴികളില്‍ കെടാത്ത പുലരികള്‍
മയങ്ങാത്ത സ്വനസന്ധ്യകള്‍
നോക്കിന്‍ ചൂഴ്ന്നിറങ്ങുന്നു കന്യാവന ഗഹനത
നിന്‍ സ്പര്‍ശനമപാര വേദന താങ്ങും
ഭ്രാതൃസാന്ത്വനം.

നീ പച്ചയില്‍ പച്ച
അര്‍ദൃതയൊഴുകുമീ നാട്ടുമുടികളില്‍
കുരുത്തോല കെട്ടിയെതിരേറ്റു നിന്നു നീ
ആദിമ മനസ്സിന്റെ തെളിയുന്ന
ജീവാകാശത്തുര്‍വഗരിമയായ്.

നീ  വേരറിവ്
പൂര്‍വ്വ ശാന്തി
ഏറ്റിറക്കമില്ലാത്ത വാദ്യമഹാനദി
കൈവഴി ചേരുന്നു
നിന്റെ യാത്രകള്‍
സൌഹൃദം
നിര്‍ത്താത്ത കാലവായന
തളിര്‍ക്കുനു നിന്‍ കരകളില്‍.

നീ സഹകാരുണന്‍
ആഴി തന്നഗാധ മുദ്രകളൊളിപ്പിച്ച  ധന്യഗോത്രം
നിരാലയ ദേഹികള്‍ക്കഭയമാകുമീറ്റില്ലം.

നീയോ‌-
നീയാ നിറഭൂമിയില്‍ കണ്ണുകള്‍ നടുന്നവന്‍
നീളും നിശയുടെ നീതി കൊള്ളാത്തവന്‍
ജ്വരനോവിനെ തണുപ്പിച്ചവന്‍
സ്നേഹപ്രാകൃതന്‍.