2010, ജൂലൈ 18, ഞായറാഴ്‌ച

കിനാവുകള്‍ തളിര്‍ക്കുന്നു

പ്രണയവും പ്രഭാതവും
ഇണത്തുമ്പികളുടെ മനസ്സുപോലെ
ഉറങ്ങാത്ത അമ്മയൂടെ ആശിസ്സ് പോലെ
തളിരിലകള്‍ പേറുന്നു.
ഹൃദയത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍
ആകാശം തീര്‍ത്ത്
മറ്റൊരു തുമ്പി പാറിക്കളിക്കുന്നു.
മുറിഞ്ഞ വാക്കുകളാല്‍ നീ വരച്ചിട്ട
സ്നേഹത്തിന്റെ ഒരു കൊളാഷ്,
പാതി ആലപിച്ച ഒരു തുടിപ്പാട്ട്.
നിന്റെ നനുത്ത സ്പര്‍ശം
കിളിര്‍ത്ത ചില്ലകളായി
മെല്ലെ ഉടഞ്ഞെടുക്കണം.
ദൂരവേദനകളാല്‍ മരിക്കുന്ന മനസ്സ്
വിശക്കുന്ന നിന്റെ ഗര്‍ഭപാത്രം.
തളിരിലകള്‍ പറന്നു പോവുകയാണ്
ഭഗ്നരാത്രികളുടെ വിധിപുരാണം കേട്ടുമടുത്തു.
ഉറച്ചു തുടങ്ങുന്ന നിന്നിലേക്ക്
പടര്‍ന്നിറങ്ങാന്‍
കാലം കൊത്തി വെച്ച
പടവുകളില്ല
വാക്കില്ല
നോക്കില്ല
എല്ലാം പറയുന്ന പോക്കില്ല.
ഉണക്കിലകള്‍ പെറുക്കിക്കൂട്ടുന്ന
എന്റെ ചൂടുറ്റ പകല്‍ മാത്രം.
കാറ്റ് വേണ്ട
കാറ്റിന്റെ വളവുകളില്‍
കത്തുന്നചതിക്കുഴികളുണ്ട്
കാലിടറിയ പ്രളയ ഗാഥകളുണ്ട്
വിയര്‍ത്ത കാഴ്ചകളില്‍ പനി ശമിക്കുവാന്‍
ഒരു തളിരില
ഒരു തളിരില മാത്രം മതി.