2010, ജൂൺ 30, ബുധനാഴ്‌ച

വയലറ്റ്

പ്രിയപ്പെട്ടവനേ
പ്രണയത്തെക്കുറിച്ച്
നിനക്ക് നൂറ് വാക്ക് 
നിന്റേത്
പ്രണയത്തിന്റെ അടഞ്ഞ നോക്കുകള്‍
പ്രണയത്തിന്റെ പോക്കും വരവും നിനക്കോര്‍മ്മ.

എന്നെന്നും
നിനക്ക് രാധാനിനവുകള്‍
പരാജിതരുടെ മനസ്സുമായ്
നീ ചിറകറ്റ മഴപ്പാറ്റ.

നിന്റെ ദിവാസ്വപ്നങ്ങള്‍ മുളച്ച്
ആകാശത്തിന്റെ
ഞരമ്പുകള്‍ ഞൊറിവുകള്‍ ചുളിവുകള്‍
കണ്ണിന് എന്നും ഉടക്കുന്ന
വിരഹത്തിന്റെ ശാപ വര്‍ണ്ണം
കാത്തിരിപ്പിന്
ഒരു വേഴാമ്പല്‍ സ്മൃതിപ്പച്ച മാത്രം

നിനക്കിതാ
എന്റെ പൊയ്പ്പോയ പ്രണയത്തിന്റെ
വയലറ്റ് കവിതകള്‍.

2010, ജൂൺ 22, ചൊവ്വാഴ്ച

ചുവപ്പും പച്ചയും

നിറഭേദമില്ലത്ത രാത്രികളില്‍
നിന്റെ സിരകളില്‍
ഞാനെന്റെ രക്തം നിറക്കാം.
കരിശൈത്യമുറഞ്ഞ
നിന്റെ മരതകച്ചുണ്ടുകളിലേക്കെന്റെ
തലയിലെച്ചൂട് തരാം.

ഹരിതേ,
നിഴലുകള്‍ നാവിയകറ്റിയ നിന്‍
മുടിയിഴകളിലൂടെന്‍
വിരലുകളോടി നടക്കേ
അറിയുന്നേ
നീയും ഞാനും
ഉറവുകള്‍ തേടി നടന്നോര്‍...
ഒരു യുഗസന്ധ്യയിലെവിടെയോ
പൊട്ടിമുളച്ച്
തെണ്ടിയലഞ്ഞ്
തേങ്ങി വളര്‍ന്ന്
ചിരിച്ച് നിറഞ്ഞോര്‍

2010, ജൂൺ 15, ചൊവ്വാഴ്ച

മഴക്കുട്ടി

അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ കാട്ടി
ആകാശം പറഞ്ഞു
നിന്റെ വീട് ,നിന്റെ നാട്.
നിറഞ്ഞുതീരാത്ത സ്നേഹം നീട്ടി
കടല്‍ വിളിച്ചു: വരൂ;നിന്റെ വഴി നിന്റെ യാത്ര.
പെയ്തൊഴിയാത്ത കണ്ണുകള്‍ അടച്ച്
അവള്‍ പ്രാര്‍ത്ഥിച്ചു
കൊണ്ടു പോകരുതേ
കൊണ്ടു പോകരുതേ..

2010, ജൂൺ 11, വെള്ളിയാഴ്‌ച

അടുക്കളക്കുറിപ്പുകള്‍

മുറിവുണക്കുന്നതാരാണ്

മുറിവുണ്ടാക്കുന്നതാരാണ്

ഈറ്റുപായയില്‍ തെറിച്ച

ചോരത്തുള്ളികളോട്

അമ്മ ചോദിച്ചിട്ടുണ്ടാവുമോ


ചോദ്യമല്ല

തലയറ്റ നീളന്‍ കഴുത്താണ് ജീവിതം

പിതൃഭോഗത്തിന്‍

ഉദകക്രിയ ചെയ്യുമ്പോള്‍

മുത്തശ്ശി പഠിപ്പിച്ച പാഠം


അടുക്കള

സ്വപ്ന പീഡകളുടെ വര്‍ത്തമാനം

ഉഷ്ണപ്പുണ്ണിന്‍ ഒരെരിവു പലക

ഉടപ്പിറന്നവള്‍ക്ക് ഒരേയൊരു മുറി

കാത്തിരിക്കാനും തൂങ്ങി നില്‍ക്കാനും


കിഴക്കേ വാതില്‍

തുറന്നു തന്നെ കിടപ്പുണ്ട്

ഒരിറ്റുവറ്റിന്‍

മരണവാറണ്ട്


ഉപ്പു നിലത്തില്‍ ഒന്നും മുളയ്ക്കാറില്ലല്ലോ

ചാവു ഭൂമിയില്‍ പാലഭിഷേകമില്ലല്ലോ

ഇതാ നിനക്ക്

ഒരു കൂട്ട വിരുന്നപ്പം

എന്റെ വറുത്തിട്ട മുറിവുകള്‍.